2010, ജൂലൈ 20, ചൊവ്വാഴ്ച

അര്‍ഹമാകിലുമനര്‍ഹമാകിലും

അപ്പം മാംസമാകുന്നത്,
വീഞ്ഞ് രക്തമാകുന്നത്
കണ്ണീരിന്റെ വിശുധിയിലാണ്,
ഇല്ലാതാകലിലാണ്.
നീയെനിക്ക് തന്നുകൊണ്ടിരിക്കുന്ന
ഭിക്ഷ,സഹതാപതിന്റെതാണ്.
നിന്നാല്‍ മാത്രം സ്നാനപ്പെട്ട്
ഞാന്‍ അസ്വസ്ഥതയുടെ രാജകുമാരിയായി.
ഇനിമേല്‍,
എന്റെ ചുണ്ടുകള്‍ വിറക്കുകയില്ല.
കണ്ണുകള്‍ പരതുകയില്ല .
മനസ്സ് ആഴമക്കില്ല....
എല്ലാം ചോരകൊണ്ട് നീ
കെടുത്തിക്കളഞ്ഞു.
അശാന്തിയുടെ തീരങ്ങള്‍ തുഴഞ്ഞ്,
സങ്കടപര്‍വ്വം ഉഴുതുമറിച്ച്‌
നീ തന്ന വേനലില്‍ ഞാനെന്റെ
വിത്തുകള്‍ മുളപ്പിചെടുത്തു.
അവയെന്റെ പറുദീസ നഷ്ടപ്പെടുത്തി.
എങ്കിലും,ഭൂമിയിലെ മുഴുവന്‍ മണല്‍ത്തരികളും
നക്കിയെടുത്താലും അടങ്ങാത്ത
തീവ്രതയാണെനിക്ക് നിന്നോട്,
"അര്‍മാകിലുമനര്‍ഹമാകിലും".





രൂപ ശശിധരന്‍
രണ്ടാംവര്‍ഷ ബിരുദാനന്ദര ബിരുദം
ശ്രീ കേരളവര്‍മ കലാലയം
തൃശൂര്‍.


2010, ജൂലൈ 19, തിങ്കളാഴ്‌ച

കുട






എത്ര സ്വകാര്യതകളാണ്
ഓരോ മഴക്കും
നീര്‍ത്തി
വക്കാനുള്ളത്!?




രൂപ
ശശിധരന്‍
രണ്ടാംവര്‍ഷ ബിരുദാനന്ദര ബിരുദം
ശ്രീ കേരളവര്‍മ കലാലയം
തൃശൂര്‍.

2010, ജൂലൈ 18, ഞായറാഴ്‌ച

പ്ലാറ്റ്ഫോം



വഴിതെറ്റിയ വണ്ടിയോടുള്ള
രോഷമായിരുന്നു ഞങ്ങള്‍ക്കെല്ലാം.
ഇറങ്ങി ഞങ്ങള്‍ ഒരുപാടലഞ്ഞു.
ഒരുപാട് നിശബ്ദതയും നിഷ്ക്രിയതയും
നടന്നു തള്ളി.
ഏറ്റവുമൊടുവിലാണ് ഞങ്ങളീ
പ്ലാറ്റ്ഫോമിലെത്തുന്നത്.
ഞങ്ങള്‍ മാത്രമല്ല ഒരുപാടുപേര്‍.
വ്രണിത ഹൃദയങ്ങളുമായ്.........
എതിര്‍പ്പുകളുമായ്.
തീര്‍ച്ചയായും കനല്‍ചിന്തകള്‍
പുതിയൊരു വണ്ടിയുടെ കല്‍ക്കരിയാവാതിരിക്കില്ല .
വണ്ടി വരികതന്നെ ചെയ്യും.
കയറാനുള്ളവര്‍ അതിവേഗം
പ്ലാറ്റ് ഫോമിലെത്തുക..........................


ചിത്രഭാനു
പൂര്‍വവിദ്യാര്‍ഥി
ശ്രീ കേരളവര്‍മ കലാലയം
തൃശൂര്‍.

2010, ജൂലൈ 15, വ്യാഴാഴ്‌ച

കിണര്‍


ഓരോ ആണും ഓരോ പെണ്ണും
ആരും ആര്‍ക്കും
അഭയമല്ലെന്നറിഞ്ഞിട്ടും
കുടിച്ചു വറ്റിച്ചിട്ടും
എത്രയുഷ്ണം ഉരുക്കിയിട്ടും
പാറയിടുക്കുകള്‍
തുരക്കാന്‍ തന്നെയാണ്
പിന്നെയും......




രൂപ ശശിധരന്‍
രണ്ടാം വര്‍ഷ ബിരുധാനന്ദര ബിരുദം
ശ്രീ കേരളവര്‍മ കലാലയം
തൃശൂര്‍.

വേര്‍പാട്





ചുണ്ടുകള്‍ വേര്‍പ്പെട്ടിടും
ചുംബനങ്ങള്‍ അവസാനിക്കുന്നില്ല
പ്രണയവും.........


സലീഷ്
കൊടുങ്ങല്ലൂര്‍

ചുംബനം



ഒരു ചുംബനംകൊണ്ടു
നിന്റെ കണ്ണില്‍നിന്നെനിക്കൊരു
നദിയെ ഉത്ഭവിപ്പിക്കാമെങ്കില്‍

നിന്റെ നെഞ്ചിലെ നീലനക്ഷത്രത്തെ
ഞാന്‍ അടര്‍ത്തിയെടുക്കുമ്പോള്‍
ഒരു പ്രളയത്താല്‍ നാം
ഒലിച്ചു
പോവില്ലേ...........???

ജ്യോതിഷ്
പെരിഞ്ഞനം.

2010, ജൂലൈ 11, ഞായറാഴ്‌ച

മകള്‍


മകള്‍ ടെലിഫോണില്‍
സൂര്യകാന്തിയെ
ക്കുറിച്ച് സംസാരിക്കവെ,
ചുമരില്‍
ചുവന്ന
ചരിത്രപുസ്തകത്തിന്റെ
ചിത്രം
പതിക്കുവാന്‍
ആണി തറയ്ക്കുന്ന അച്ഛന്
ഒരിട
പിഴച്ചു!!!
വേദനയുടെ മിന്നല്‍പ്പിണര്
കോശങ്ങളിലേക്ക്
പടര്‍ന്നിരിക്കണം.
***************************************
********************************
*************************
അവള്‍ സ്നേഹത്തിന്റെ
സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍,
തടയകളില്ലാത്ത
നീരോഴുക്കാവുമ്പോള്‍
എന്തിനാണ് അച്ഛന്റെ കയ്യിലെ ചുറ്റികക്ക്
താളം
പിഴക്കുന്നത്‌?

ഇത്രക്കശ്രദ്ധമാകുന്ന്ത്?

നിധിന്‍ ശ്രീനിവാസ്

കൊടുങ്ങല്ലൂര്‍